Friday 3 May 2013

ഉപ്പൂപ്പന്‍


കേരളത്തില്‍ കാണാവുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പന്‍ (ശാസ്ത്രീയനാമം: Upupa epops). ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒന്‍പത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികള്‍ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്.

ആണ്‍പക്ഷിയും പെണ്‍പക്ഷിയും തമ്മില്‍ വ്യത്യാസമുണ്ടാകാറില്ല. തലയില്‍ മുന്നില്‍ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. കിരീടത്തൂവലുകള്‍ക്ക് തവിട്ട് കലര്‍ന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ് ഉണ്ടാവാറ്. 

ദക്ഷിണ ഇന്ത്യയ്ക്ക് പുറത്തുള്ള മിക്ക ഉപജാതികളിലും കിരീടത്തൂവലുകളില്‍ ഓറഞ്ച് നിറത്തിന്റേയും കറുത്ത നിറത്തിന്റേയും മദ്ധ്യത്തിലായി ഒരു വെളുത്ത പട്ട കൂടി കാണാവുന്നതാണ്. കേരളത്തില്‍ കണ്ടുവരുന്ന ഇനത്തിന് മറ്റ് ഉപജാതികളെ അപേക്ഷിച്ച് തീക്ഷ്ണമായ നിറമാണുള്ളത്. കിരീടത്തൂവലില്‍ തുടങ്ങി തലയും കഴുത്തും ശരീരത്തിന്റെ മുന്‍ഭാഗവും ഓറഞ്ച് കലര്‍ന്ന തവിട്ട് നിറത്തിലാണുണ്ടാവുക. ശരീരത്തിനടിഭാഗം കാലുകള്‍ക്ക് പിന്നിലേയ്ക്ക് വെളുപ്പുനിറത്തിലോ, തവിട്ട് കലര്‍ന്ന വെളുപ്പുനിറത്തിലോ ആണുണ്ടാവുക.

No comments:

Post a Comment