Wednesday 1 May 2013

ചെന്തലയന്‍ വേലിത്തത്ത


വേലിത്തത്ത വിഭാഗത്തില്‍ പെട്ടതും കേരളത്തിലെ കാടുകളില്‍ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷികളാണ്‌ ചെന്തലയന്‍ വേലിത്തത്ത. ഇംഗ്ലീഷ്: Chestnut headed bee eater. ശാസ്ത്രീയനാമം: Merops leschenaulti. ദക്ഷീണേന്ത്യന്‍ കാടുകളില്‍ സാധാരണയായി കാണപ്പെടുന്നു എങ്കിലും മഴക്കാലത്ത് നാട്ടിന്‍പുറത്തേക്ക് സഞ്ചരിക്കാറുണ്ട്. മറ്റു വേലിത്തത്തകളില്‍ നിന്നിതിനെ വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇതിന്‌ വാലില്‍ കമ്പിത്തൂവലില്ല എന്നതാണ്‌....

ഇവയുടെ കാല്‍ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാന്‍ സഹായിക്കുന്നവയാകയാല്‍ നിലത്തിറങ്ങാതെ എപ്പോഴും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ്‌ വേലിത്തത്ത എന്ന പേര് ഈ വര്‍ഗ്ഗത്തിന് ലഭിച്ചത്. തലയില്‍ ചുവന്ന തവിട്ടുനിറം കാണപ്പെടുന്നതിനാല്‍ ചെന്തലയന്  ചെമ്പന്‍ വേലിത്തത്ത എന്നും പേരുണ്ട്.

മൈനയോളം വലിപ്പമേയുള്ളൂ. വാലില്‍ കമ്പ്ത്തൂവല് ഉണ്ടാവാറില്ല. ‌വാലിനു മുകളില്‍ കുറേ നീലനിറം കാണാമെങ്കിലും വാല്‍ മൊത്തമായും നീലയല്ല. ചിറകുകളും വാലും കരിമ്പച്ച നിറമാണ്. മാറിടത്തിനു താഴെയുള്ള ഭാഗങ്ങള്‍ പുല്‍പ്പച്ചയാണ്. മറ്റു ഭാഗങ്ങള് ഇളം തവിട്ടുനിറം. മാറില്‍ കടുത്ത തവിട്ടുനിറത്തില്‍ ഒരു ശൃംഖലയുണ്ട്. തൊണ്ടയിലെ മഞ്ഞനിറത്തിനും 18-20 സെ.മീ നീളമുണ്ടാവും. 

ആണിനേയും പെണ്ണിനേയും കണ്ടാല്‍ ഒരേ പോലെയിരിക്കും. കേരളത്തിലെ കാടുകളിലെ സ്ഥിരതാമസക്കാരനായ ഇവ ഇടക്ക് മഴക്കാലത്ത് ഇരതേടി നഗരങ്ങളില്‍ കാണപ്പെടാറുണ്ട്. ഏതെങ്കിലും മരത്തിന്‍റെ നഗ്നമായ ശിഖകളില്‍ ഒറ്റക്കൊ കൂട്ടമായോ ഇരിക്കുകയും പ്രാണികളെയും മറ്റും കണ്ടാല്‍ പൊടുന്നനെ പറന്ന് അവയെ പിടിക്കുകയുമാണ് ചെയ്യുക. ശരപ്പക്ഷികളെപ്പോലെ എപ്പോഴും പറന്നുകൊണ്ടേയിരിക്കാറില്ല. കരച്ചിലിനും പറക്കലിനും ആകപ്പാടെയുള്ള പെരുമാറ്റത്തിനും വലിയവേലിത്തത്തയുടേതുമായി വ്യത്യാസമില്ല.

No comments:

Post a Comment