Sunday, 12 May 2013

കാക്ക മീന്‍കൊത്തി, വലിയ മീന്‍കൊത്തി

പ്രമാണം:StorkbilledKF.jpg
പ്രാവിനോളം വലിപ്പമുള്ള മീന്‍കൊത്തിയാണ്‌ 'കാക്കമീന്‍കൊത്തി. ഇംഗ്ലീഷ്: Stork billed Kingfisher ശാസ്ത്രീയനാമം: Pelagopsis capensis. കേരളത്തിലെ മീന്‍കൊത്തികളില്‍ ഏറ്റവും വലിപ്പമുള്ളത് ഇതിനാണ്‌. ജലാശയങ്ങള്‍ക്ക് അരികിലെ മരങ്ങളിലിരുന്ന് നിരീക്ഷിച്ച് വെള്ളത്തിലേക്ക് ചെരിഞ്ഞ് പറന്നാണ്‌ ഇര പിടിക്കുന്നത്.  15 ഇഞ്ച് (38 സെ.മീ.) വലിപ്പമുള്ള ഇതിന്റെ വലിപ്പം മൂലമാണ്‌ കാക്കമീന്‍ കൊത്തി എന്ന പേര്‍ വന്നത്.

ഇന്ത്യ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ദക്ഷിണ പൂര്‍വ്വേഷ്യ മുതല്‍ സുലാവേസി വരെ ഇതിന്റെ ആവാസ കേന്ദ്രങ്ങള്‍ ആണ്. ഇന്ത്യയിലാണ്‌ ഇത് കൂടുതലും കാണപ്പെടുന്നത്. സാധാരണയായി മനുഷ്യരുടെ ദൃഷ്ടിയില്‍പ്പെടാതെ മറഞ്ഞിരിക്കുന്നതിനാല്‍ കാട്ടുപക്ഷിയാണ്‌ ഇത് എന്ന് പൊതുവെ ധാരണയുണ്ടെങ്കിലും നാട്ടിന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണിത്. നാണം കുണുങ്ങിയും മറ്റു മീന്‍കൊത്തികളെ അപേക്ഷിച്ച് ഒച്ചവെക്കുന്നത് കുറവുമായതിനാല്‍ ഈ പക്ഷിയെ കണ്ടെത്തുക ബുദ്ധിമുട്ടായതിനാലായിരിക്കണം ഈ ധാരണ പരന്നത്. എന്നാല്‍കേരളത്തിലേയും മറ്റുമുള്ള വലിയ ജലാശയങ്ങള്‍ക്കരികിലും പാടങ്ങളിലും ഈ പക്ഷിയെ ധാരാളം കാണാന്‍ സാധിക്കും.

Friday, 3 May 2013

കാട്ടുപനങ്കാക്ക

പ്രമാണം:Dollarbird Samcem Dec02.JPG
കാട്ടുപനങ്കാക്ക യുടെ ശാസ്ത്രീയ നാമം Eurystomus orientalis എന്നാണ്. ഇംഗ്ലീഷില് Oriental Dollarbird എന്നും Dollar Roller എന്നും വിളിക്കും. ചിറകില്‍ നാണയം പോലുള്ള നീല നിറത്തിലുള്ള അടയാളം ഉള്ളതുകൊണ്ടാണ് ഈ പേര്. കിഴക്കന്‍ ഏഷ്യയിലും വടക്കേ ആസ്ത്രേലിയ മുതല്‍ ജപ്പാന്‍ വരേയും കാണപ്പെടുന്നു. മിക്കപ്പോഴും ഒറ്റയ്ക്കാണ് കാണപ്പെടുക. 

30 സെ.മീറ്റര്‍ നീളമുണ്ട്. പ്രായമെത്താത്ത പക്ഷികള്‍ക്ക് കൊക്കില്‍ കടുത്ത നിറമാണ്. പ്രായമാവുംതോറും കൂടുതല്‍ ഓറഞ്ചുനിറമാവും. പ്രാണികളാണ് ഭക്ഷണം. പറക്കുന്നതിനിടയിലാണ്. ഇര പിടുത്തം. ഉയരമുള്ള മരങ്ങളുടെ ഒഴിഞ്ഞകൊമ്പിലിരുന്ന് അവിടെന്ന് പറന്ന് ഇര പിടിക്കും. അല്പ സമയത്തിനുള്ളില്‍ അവിടെ തന്നെ തിരിച്ചെത്തും.

പനങ്കാക്ക

പ്രമാണം:Indian Roller I2m IMG 9934.jpg
വയലുകളും പറമ്പുകളും ചരല്‍പ്രദേശങ്ങളുമുള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക (Indian Roller).ഇവയ്ക്കു ഏകദേശം മാടപ്രാവിന്റെ വലിപ്പമുണ്ട്. ഇവയുടെ ദേഹം തടിച്ചതും, തല വലിപ്പമുള്ളതും, വാല്‍ ചെറുതുമാണ്. പനങ്കാക്കയുടെ തല, കഴുത്ത്, ശരീരത്തിന്റെ മുകള്‍ഭാഗം എന്നിവയ്ക്ക് തവിട്ട് നിറമാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീലനിറത്തിലാണ് കാണപ്പെടുന്നത്. പറക്കുന്ന സമയത്ത് ചിറകുകള്‍ കൂടുതല്‍ ഭംഗിയുള്ളതായി തോന്നും.

സാധാരണയഅയി ഈ പക്ഷികളെ തെങ്ങ്, പന, തുടങ്ങിയ വൃക്ഷങ്ങളുടെ മുകളിലായി കണ്ടു വരാറുണ്ട്. ടെലിഫോണ്‍ കമ്പിത്തൂണുകള്‍, വൈദ്യുതകമ്പികള്‍, എന്നിവടങ്ങളിലും ഇവയെ കാണാം. പനങ്കാക്ക വളരെ ശ്രദ്ധയുള്ള പക്ഷിയാണ്. ഏതെങ്കിലും ഒരു ചെറിയ ജീവി ശ്രദ്ധയില്‍പ്പെട്ടാല്‍ മതി സാവധാനം താഴേക്ക് പറന്നു തുടങ്ങും. വലിയ ഇരയാണ് കിട്ടുന്നതെങ്കില്‍ കല്ലിലോ മരത്തിലോ അടിച്ച് കൊന്നതിനു ശേഷമാണ് ഭക്ഷിക്കുക.  കര്‍ണ്ണാടക, ബിഹാര്‍, ഒറീസ്സ, ആന്ധ്രാപ്രദേശ്‌ എന്നിവടങളിലെ സംസ്ഥാനപക്ഷി കൂടിയാണ് പനങ്കാക്ക.

ഉപ്പൂപ്പന്‍


കേരളത്തില്‍ കാണാവുന്ന ഒരു പക്ഷിയാണ് ഉപ്പൂപ്പന്‍ (ശാസ്ത്രീയനാമം: Upupa epops). ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒന്‍പത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികള്‍ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്.

ആണ്‍പക്ഷിയും പെണ്‍പക്ഷിയും തമ്മില്‍ വ്യത്യാസമുണ്ടാകാറില്ല. തലയില്‍ മുന്നില്‍ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത. കിരീടത്തൂവലുകള്‍ക്ക് തവിട്ട് കലര്‍ന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ് ഉണ്ടാവാറ്. 

ദക്ഷിണ ഇന്ത്യയ്ക്ക് പുറത്തുള്ള മിക്ക ഉപജാതികളിലും കിരീടത്തൂവലുകളില്‍ ഓറഞ്ച് നിറത്തിന്റേയും കറുത്ത നിറത്തിന്റേയും മദ്ധ്യത്തിലായി ഒരു വെളുത്ത പട്ട കൂടി കാണാവുന്നതാണ്. കേരളത്തില്‍ കണ്ടുവരുന്ന ഇനത്തിന് മറ്റ് ഉപജാതികളെ അപേക്ഷിച്ച് തീക്ഷ്ണമായ നിറമാണുള്ളത്. കിരീടത്തൂവലില്‍ തുടങ്ങി തലയും കഴുത്തും ശരീരത്തിന്റെ മുന്‍ഭാഗവും ഓറഞ്ച് കലര്‍ന്ന തവിട്ട് നിറത്തിലാണുണ്ടാവുക. ശരീരത്തിനടിഭാഗം കാലുകള്‍ക്ക് പിന്നിലേയ്ക്ക് വെളുപ്പുനിറത്തിലോ, തവിട്ട് കലര്‍ന്ന വെളുപ്പുനിറത്തിലോ ആണുണ്ടാവുക.

Wednesday, 1 May 2013

നാട്ടുവേലിത്തത്ത


പ്രമാണം:Merops orientalis.jpgകേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഒരിനം പക്ഷിയാണ് നാട്ടുവേലിത്തത്ത (ശാസ്ത്രീയ നാമം: Merops Orientalis). ചിലയിടങ്ങളില്‍ വാഴക്കിളിയെന്നും വിളിക്കുന്നു. 

വയലേലകള്‍, വാഴത്തോപ്പുകള്‍, തുറസായ സ്ഥലങ്ങള്‍, അധികം പൊക്കമില്ലാത്ത ചെടികളുള്ളിടം എന്നിവിടങ്ങളോട് ഇത്തരം വേലിത്തത്തകള്‍ക്ക് കൂടുതല്‍ പ്രതിപത്തിയുള്ളതായി തോന്നാം. ഇവിടങ്ങളിലെ അല്പം പൊക്കമുള്ള കുറ്റികള്‍, വേലികള്‍, വൈദ്യുതിക്കമ്പികള്‍ എന്നിവയില്‍ തീര്‍ച്ചയായും കണ്ടെത്താന്‍ കഴിയും. നാട്ടുവേലിത്തത്തയെന്ന പേരുതന്നെ അവയുടെ ഈ സ്വഭാവത്തെ കുറിക്കുന്നതാണ്. 

പ്രത്യേകതകള്‍:   കാഴ്ചക്ക് വര്‍ണമേറിയതും ശബ്ദം ഇമ്പമുള്ളതും ആണു്. മണിനാദം പോലെ ഈ ശബ്ദം അനുഭവപ്പെടുന്നു. റ്റ്‌രീ റ്റ്‌രീ റ്റ്‌രീ.......റ്റ്‌രീ റ്റ്‌രീ റ്റ്‌രീ എന്നിങ്ങനെയോ വ്യത്യസ്തമായതോ ആയ താളത്തില്‍ തുടര്‍ച്ചയായാവും അവയുണ്ടാവുക. നാട്ടുവേലിത്തത്തകള്‍ ഇരിക്കുമ്പോഴും പറക്കുമ്പോഴുമെല്ലാം ഈ ശബ്ദം പ്രവഹിക്കുന്നു. ചെമ്മന്‍ പ്രദേശങ്ങള്‍ കാണുമ്പോള്‍ ഇവ പൊടിമണ്ണില്‍ കുളിക്കുന്നതു കാണാം. ചിലപ്പോള്‍ മണിക്കൂറുകളോളം ഇവ ഇത്തരത്തില്‍ മൺകുളി നടത്തിക്കൊണ്ടിരിക്കും.
പ്രമാണം:വേലിത്തത്തകൾ.jpg
തുമ്പികള്‍ ഇവയുടെ ഇരകളാണ്

ചെന്തലയന്‍ വേലിത്തത്ത


വേലിത്തത്ത വിഭാഗത്തില്‍ പെട്ടതും കേരളത്തിലെ കാടുകളില്‍ കാണപ്പെടുന്നതുമായ ചെറിയ ഇനം പക്ഷികളാണ്‌ ചെന്തലയന്‍ വേലിത്തത്ത. ഇംഗ്ലീഷ്: Chestnut headed bee eater. ശാസ്ത്രീയനാമം: Merops leschenaulti. ദക്ഷീണേന്ത്യന്‍ കാടുകളില്‍ സാധാരണയായി കാണപ്പെടുന്നു എങ്കിലും മഴക്കാലത്ത് നാട്ടിന്‍പുറത്തേക്ക് സഞ്ചരിക്കാറുണ്ട്. മറ്റു വേലിത്തത്തകളില്‍ നിന്നിതിനെ വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇതിന്‌ വാലില്‍ കമ്പിത്തൂവലില്ല എന്നതാണ്‌....

ഇവയുടെ കാല്‍ വളരെ കുറിയതും കമ്പികളിലും ചുള്ളികളിലും മാത്രം പിടിച്ചിരിക്കാന്‍ സഹായിക്കുന്നവയാകയാല്‍ നിലത്തിറങ്ങാതെ എപ്പോഴും വേലികളിലും ഇലയില്ലാത്ത മരച്ചില്ലകളിലും മാത്രമേ കാണാറുള്ളൂ. അതിനാലാണ്‌ വേലിത്തത്ത എന്ന പേര് ഈ വര്‍ഗ്ഗത്തിന് ലഭിച്ചത്. തലയില്‍ ചുവന്ന തവിട്ടുനിറം കാണപ്പെടുന്നതിനാല്‍ ചെന്തലയന്  ചെമ്പന്‍ വേലിത്തത്ത എന്നും പേരുണ്ട്.

മൈനയോളം വലിപ്പമേയുള്ളൂ. വാലില്‍ കമ്പ്ത്തൂവല് ഉണ്ടാവാറില്ല. ‌വാലിനു മുകളില്‍ കുറേ നീലനിറം കാണാമെങ്കിലും വാല്‍ മൊത്തമായും നീലയല്ല. ചിറകുകളും വാലും കരിമ്പച്ച നിറമാണ്. മാറിടത്തിനു താഴെയുള്ള ഭാഗങ്ങള്‍ പുല്‍പ്പച്ചയാണ്. മറ്റു ഭാഗങ്ങള് ഇളം തവിട്ടുനിറം. മാറില്‍ കടുത്ത തവിട്ടുനിറത്തില്‍ ഒരു ശൃംഖലയുണ്ട്. തൊണ്ടയിലെ മഞ്ഞനിറത്തിനും 18-20 സെ.മീ നീളമുണ്ടാവും. 

ആണിനേയും പെണ്ണിനേയും കണ്ടാല്‍ ഒരേ പോലെയിരിക്കും. കേരളത്തിലെ കാടുകളിലെ സ്ഥിരതാമസക്കാരനായ ഇവ ഇടക്ക് മഴക്കാലത്ത് ഇരതേടി നഗരങ്ങളില്‍ കാണപ്പെടാറുണ്ട്. ഏതെങ്കിലും മരത്തിന്‍റെ നഗ്നമായ ശിഖകളില്‍ ഒറ്റക്കൊ കൂട്ടമായോ ഇരിക്കുകയും പ്രാണികളെയും മറ്റും കണ്ടാല്‍ പൊടുന്നനെ പറന്ന് അവയെ പിടിക്കുകയുമാണ് ചെയ്യുക. ശരപ്പക്ഷികളെപ്പോലെ എപ്പോഴും പറന്നുകൊണ്ടേയിരിക്കാറില്ല. കരച്ചിലിനും പറക്കലിനും ആകപ്പാടെയുള്ള പെരുമാറ്റത്തിനും വലിയവേലിത്തത്തയുടേതുമായി വ്യത്യാസമില്ല.

നീലത്തത്ത

പ്രമാണം:Psittacula columboides (male) -Kerala -India-8-4c.jpg
തൂവലുകള്‍ക്ക് പച്ചനിറത്തിനു പകരം ചാരനിറവും നീലനിറവുമുള്ള തത്തയാണിത്.(ഇംഗ്ലീഷ്: Blue Winged Parakeet ശാസ്ത്രീയ നാമം: Psittacula columboides ). യഥാര്‍ത്ഥത്തില്‍ ഒരു മൈനയുടെ വലിപ്പം മാത്രമേ നീലതത്തയ്ക്കുള്ളൂ. നീളമേറിയ വാല്‍ കാരണം ഇവയ്ക്ക് വലിപ്പം കൂടുതലാണെന്നു തോന്നിപ്പോകും. വാലിന്റെ അഗ്രം മഞ്ഞയാണ്. കൊക്കിന്റെ മേല്‍പകുതി ചുവപ്പും കീഴ്പകുതി മഞ്ഞയും കറുപ്പും കലര്‍ന്ന നിറമാണ്. കാടുകളില്‍ കൂടുതലായി കാണുന്ന ഇവയെ മുളന്തത്ത എന്നും വിളിക്കാറുണ്ട്. മിക്കപ്പോറും കൂട്ടമായാണ് മുളന്തത്തകള്‍ കാണുന്നത്. തറയില്‍ നിന്നും ആറ് മീറ്റര്‍ മുതല്‍ ഇരുപത് മീറ്റര്‍ വരെ ഉയരത്തിലുള്ള വൃക്ഷങ്ങളിലാണ് ഇവ കൂടുണ്ടാക്കുന്നത്.